വിമർശനം 1. Homeopathy ഒരു വിശ്വാസ ചികിത്സ ആണ്.
മറുപടി: ഒരിക്കലുമല്ല. രോഗശമനമുണ്ടാകുന്നത് വിശ്വാസം കൊണ്ടായിരുന്നുവെങ്കിൽ, കുഞ്ഞുങ്ങളിലും മൃഗങ്ങളിലും അബോധാവസ്ഥയിലുള്ളവരിലും ഹോമിയോ ചികിത്സ ഒരിക്കലും ഫലിക്കുമായിരുന്നില്ല. ഹോമിയോ ഔഷധങ്ങൾ ഫലിക്കുമോ എന്നറിയാൻ അവ പ്രയോഗിച്ചു നോക്കുകയേ വഴിയുള്ളൂ.
വിമർശനം 2. Pathological Anatomyയെ തള്ളി കളഞ്ഞ് കൊണ്ട് രോഗം ഒരു ഭൗതിക പ്രതിഭാസമല്ല എന്ന് വിശ്വസിക്കുന്നു.
മറുപടി: ഹോമിയോ ഡോക്ടർമാർ pathological anatomy യെ തള്ളിക്കളയുന്നില്ല. Anatomy, physiology, pathology, biochemistry, Practice of Medicine എന്നിവയെല്ലാം സിലബസിൻ്റെ ഭാഗമായി പഠിച്ചിട്ടാണ് BHMS ഡിഗ്രി നേടുന്നത്. രോഗം ഭൗതിക പ്രതിഭാസമല്ല എന്ന് ഹോമിയോ ഡോക്ടർമാർ പറയുന്നില്ല. മന്ത്രം ജപിച്ചിട്ടല്ല, ഔഷധങ്ങൾ നൽകി തന്നെയാണ് അവർ രോഗികളെ ചികിൽസിക്കുന്നത്!
വിമർശനം 3. നമ്മുടെ ശരീരത്തിൽ ഒരു ജീവശക്തി അഥവാ Vital Force ഉണ്ട് എന്ന് വിശ്വസിക്കുന്നു.
മറുപടി: vital force ഉണ്ട് എന്നു വിശ്വസിക്കുന്ന ഹോമിയോ ഡോക്ടർമാർ മാത്രമല്ല, ശാസത്രജ്ഞരും മോഡേൺ മെഡിസിൻ ഡോക്ടർമാരും ധാരാളമുണ്ട്. Vital force എന്നത് അസംബന്ധമാണ് എന്ന് വിശ്വസിക്കുന്ന ഹോമിയോ ഡോക്ടർമാരും ധാരാളമുണ്ട്. ഇതൊക്കെ വ്യക്തിപരമായ ലോകവീക്ഷണത്തിൻ്റെ ഭാഗം മാത്രമാണ്.
വിമർശനം 4. മരുന്നുകൾ ഭൗതികമായല്ല പ്രവർത്തിക്കുന്നതെന്നും പ്രസ്തുത മരുന്നിലുള്ള Spiritual Forces ഉണർന്ന് ശരീരത്തിലെ ജീവശക്തിയെ ഉദ്ദീപിപ്പിക്കുന്നുവെന്നും വിശ്വസിക്കുന്നു.
മറുപടി: ഹോമിയോ ഔഷധങ്ങൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായും ശാസത്രിയമായും ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. രോഗികളോട് പ്രാർഥിക്കാൻ ആവശ്യപ്പെടുന്ന എത്രയോ മോഡേൺ ഡോക്ടർമാരും ഇവിടെ ഉണ്ട്.
വിമർശനം 5. മരുന്നുകളിലുള്ള Spiritual Forcesനെ ഉണർത്താൻ മരുന്നിനെ കുലുക്കുകയോ അരക്കുകയോ ചെയ്താൽ മതി.
മറുപടി: ഔഷധ പദാർഥങ്ങളെ അരക്കുകയും പൊടിക്കുകയും കുലുക്കുകയും ചെയ്യുന്നത് ഹോമിയോപ്പതിയിൽ മാത്രമല്ല, എല്ലാ ഔഷധ നിർമ്മാണ പ്രക്രിയകളിലും സാധാരണമാണ്. തന്മാത്രകൾ തമ്മിലുള്ള intermolecular bonds ഭേദിക്കുന്നതു വഴി രാസപ്രവർത്തനശേഷി വർദ്ധിക്കും. കണികകളായി വിഭജിക്കുമ്പോൾ expose ചെയ്യുന്ന ഉപരിതല വിസ്തീർണം പല മടങ്ങായി വർദ്ധിക്കുകയും അത് വസ്തുക്കളുടെ ഔഷധഗുണം കൂട്ടുകയും ചെയ്യും. ഉരക്കുമ്പോൾ പ്രതലങ്ങളിൽ നിന്ന് ഇലക്ട്രോൺ നഷ്ടപ്പെടുന്നത് കാരണം ionization നടക്കാൻ സഹായിക്കും.
വിമർശനം 6. Potentization- അനന്തമായി ഡോസ് കുറച്ച് കൊണ്ട് വരുക.
മറുപടി :- Potentization ചെയ്യുമ്പോൾ സംഭവിക്കുന്ന ഭൗതിക പ്രക്രിയകൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന്നതിനുള്ളതിനുള്ള ശ്രമങ്ങൾ നടന്നുവരുുന്നേ ഉള്ളൂ. എന്നാൽ 30C, 200C തുടങ്ങിയ dilutions ൽ പോലും ഹോമിയോ മരുന്നുുകൾ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ ഒരിക്കകലെങ്കിലും അവ ഉപയോഗിച്ചു നോക്കിയാൽ മാത്രം മതി.
വിമർശനം 7. Avagadro നിയമമനുസരിച്ച് Homeo Productsൽ മരുന്നിന്റെ അളവ് പൂജ്യമായിരിക്കും.
മറുപടി: തീർച്ചയായും. 12 C ക്ക് മുകളിൽ ഔഷധ തന്മാത്രകൾ ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ അവയ്ക്ക് ഔഷധ ഗുണം ഉണ്ട് എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. തന്മാത്രകളുടെ സാന്നിദ്ധ്യമില്ലാതെ തന്നെ രാസപ്രക്രിയകളിൽ പങ്കെടുക്കാൻ കഴിയുന്ന വസ്തുക്കൾ വികസിപ്പിച്ചെടുക്കുന്ന molecular imprinting പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ആധുനിക ശാസ്ത്രം വികസിപ്പിച്ചെടുത്തു കഴിഞ്ഞു എന്നു കൂടി അറിയുക. Potentization നെ ശാസ്ത്രീയമായി വിശദീകരിക്കാൻ molecular imprinting എന്ന പ്രതിഭാസം ഉപയോഗിക്കാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അൽപം കൂടി കാത്തിരിക്കുക. ശാസത്രം വളർന്നു കെണ്ടേയിരിക്കുന്നു എന്ന പ്രാഥമിക ശാസത്രസത്യം മറക്കാതിരിക്കുക.
വിമർശനം 8. Animal Magnetism, Mesmerism പോലെ ഉള്ള കപട ചികിത്സകളെ Samuel Hahnemann Support ചെയ്യുന്നു.
മറുപടി: ഇല്ലേയില്ല. തൻ്റെ ചിന്തകൾ രൂപം കൊണ്ടുവന്നിരുന്ന ആദ്യഘട്ടങ്ങളിൽ ഹാനിമാൻ അതിനെ അനുകൂലിച്ചിരുന്നു. 200 വർഷം മുൻപുള്ള വിജ്ഞാന പരിസരത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന കാര്യം മറക്കണ്ട. Organon 6th edition ൽ അതു സംബന്ധിച്ചു പരാമർശിക്കുന്ന aphorism 272 അപ്പാടെ ഹാനിമാൻ നീക്കം ചെയ്തിരിക്കുന്നു. പിടിവാശികളില്ലാതെ നിരന്തരം സ്വയം നവീകരിച്ചു കൊണ്ടിരുന്ന സത്യസന്ധനായ ഒരു മഹാധിഷണാശാലിയായിരുന്നു അദ്ദേഹം എന്നതിന് ഇത്തരം തെളിവുകൾ ഏറെ ഉണ്ട്.
ഹോമിയോപ്പതിയുടെ സിദ്ധാന്തങ്ങൾ 200 കൊല്ലം മുൻപ് ആവിഷ്കരിക്കപ്പെട്ടതാണ്. വിശദാംശങ്ങളിൽ സ്വാഭാവികമായും കുറേ അബദ്ധങ്ങളൊക്കെ കാണും. എങ്കിലും കണ്ണടച്ച് പൂർണമായും തള്ളിക്കളയുന്നതിന് മുൻപ്, അവയിൽ സത്യത്തിൻ്റെ അംശങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന ഒരു ശാസ്ത്രീയ പരിശോധന നടത്തുന്നതല്ലേ ശരി?
ഹോമിയോപ്പതിയെ ആധുനിക ശാസ്ത്ര വിജ്ഞാനവുമായി ചേർന്നു നിൽക്കുന്ന വിധത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാനും തെളിയിക്കാനും നമ്മൾ ശ്രമിക്കേണ്ടതുണ്ട്.
ആധുനിക ബയോകെമിസ്ട്രിയിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുള്ള COMPETITIVE RELATIONSHIP BETWEEN SIMILAR CHEMICAL MOLECULES IN BINDING TO BIOLOGICAL TARGETS എന്ന വസ്തുനിഷ്ഠ പ്രതിഭാസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തന്നെയാണ് സാമുവൽ ഹാനിമാൻ എന്ന പ്രതിഭാശാലി SIMILIA SIMILIBUS CURENTUR എന്ന തൻ്റെ ചികിത്സാ സിദ്ധാന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.
രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തിയിൽ സൃഷ്ടിക്കാൻ കഴിയുന്ന ഔഷധ വസ്തുക്കൾക്ക്, സമാന ലക്ഷണങ്ങളുള്ള രോഗാവസ്ഥയെ സുഖപ്പെടുത്താൻ കഴിയും എന്നതാണല്ലോ ഈ സിദ്ധാന്തത്തിൻ്റെ അർഥം.
രോഗകാരികളായ തന്മാത്രകൾക്കും ഔഷധ തന്മാത്രകൾക്കും ഒരേ ജൈവതന്മാത്രകളുടെ മേൽ പ്രവർത്തിക്കാനും സമാനമായ molecular inhibitions സൃഷ്ടിക്കാനും കഴിയുമ്പോഴാണല്ലോ സമാനമായ ലക്ഷണങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അത് സൂചിപ്പിക്കുന്നത് രോഗ തന്മാത്രകളുടെയും ഔഷധ തന്മാത്രകളുടെയും functional group കളുടെ സമാനത തന്നെയാണ്. അവ തമ്മിൽ ഒരു competitive relationship ഉണ്ട് എന്നർഥം.
ജൈവ തന്മാത്രകളുമായി ബന്ധപ്പെടുന്നതിൽ രോഗതന്മാത്രകളോട് മത്സരിക്കാൻ കഴിയുന്ന ഔഷധ തന്മാത്രകൾക്ക് രോഗതൻമാത്രകളെ competition വഴി നിഷ്കാസനം ചെയ്യാനും, അങ്ങിനെ രോഗശമനം വരുത്താനും കഴിയുന്നു.
ഔഷധ തന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും രോഗതന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും താരതമ്യപ്പെടുത്തി അവതമ്മിലുള്ള സമാനത തിരിച്ചറിയുകയും, അതിലടങ്ങിയ competitive relationship ഉപയോഗപ്പെടുത്തി രോഗശമനം വരുത്തുകയും ചെയ്യുക എന്നത് തന്നെയാണ് SIMILIA SIMILIBUS CURENTUR.
200 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിൽ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ചില പരാമർശങ്ങൾ സ്വാഭാവികമായും ഉണ്ടാവും. ഹോമിയോപ്പതിയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലും അത് കാണാം. അവയെ ചരിത്രപരമായും യുക്തിപരമായും ഡയലക്ടിക്കലായും അപഗ്രഥിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ആണ് ശാസത്ര വീക്ഷണമുള്ളവർ ചെയ്യേണ്ടത്. അല്ലാതെ, അത്തരം അശാസ്ത്രീയ പരാമർശങ്ങളെ പൊക്കിപ്പിടിച്ച് ഹോമിയോപ്പതി മുഴുവൻ അസംബന്ധവും അസംഭവ്യവും ആണ് എന്ന് പറഞ്ഞ് പരിഹസിച്ച് സ്വയം പരിഹാസ്യനാവുകയല്ല.